03:37pm 09 September 2026
NEWS
കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണയ്‌ക്കെതിരേ പരാതി നൽകിയ സിപിഎം പ്രവർത്തകൻറെ വീട്ടുനമ്പരിൽ 22 വോട്ടുകൾ
16/11/2025  05:06 PM IST
nila
 കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണയ്‌ക്കെതിരേ പരാതി നൽകിയ സിപിഎം പ്രവർത്തകൻറെ വീട്ടുനമ്പരിൽ 22 വോട്ടുകൾ

തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണയ്‌ക്കെതിരേ പരാതി നൽകിയ സിപിഎം പ്രവർത്തകൻറെ വീട്ടുനമ്പരിൽ 22 വോട്ടുകളുണ്ടെന്ന ആരോപണം ഉയർത്തി കോൺ​ഗ്രസ്. സിപിഎം മുട്ടട ബ്രാഞ്ച് അംഗമായ ധനേഷിന്റെ വീട്ടുനമ്പരിൽ തന്നെ പല വീട്ടുപേരുകളിലായാണ് 22 വോട്ടുകളുള്ളത്. ഇതുസംബന്ധിച്ച് തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺ​ഗ്രസ് നേതാക്കൾ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയിൽ ധനേഷിന്റെ പേരിനൊപ്പമുള്ളത് ടിസി 18/ 2464 എന്ന വീട്ടുനമ്പറാണ്. ഇതേ വീട്ട് നമ്പറിൽ 21 പേരെ വേറെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. അനുപമ മാറയ്ക്കൽ തോപ്പ്, ശേഖരമംഗലം, ആർ.സി.നിവാസ്, അക്ഷയ, ഭാർഗവ പ്രസാദം, തോപ്പിൽ വീട്, മാറയ്ക്കൽ തോപ്പിൽ വീട്, ശക്തി ഭവൻ തുടങ്ങിയ വീട്ടുപേരുകളാണ് 18/ 2464 എന്ന വീട്ടു നമ്പറിനൊപ്പം ചേർത്തിരിക്കുന്നത്. ഒരു നമ്പറിൽ 22 പേരുകളിൽ വീടുകളുണ്ടായതാണ് ക്രമക്കേട് ആരോപണം കോൺഗ്രസ് ഉയർത്താൻ കാരണം.

അതേസമയം, താൻ വോട്ടൊന്നും അധികമായി ചേർത്തിട്ടില്ലെന്നാണ് ധനേഷ് കുമാർ വ്യക്തമാക്കുന്നത്. ഒരു നമ്പറിൽ 22 പേരുകളിൽ വീടുകളുണ്ടായത് സാങ്കേതിക തകരാർ സംഭവിച്ചതാകാമെന്നും അദ്ദേഹം പറയുന്നു. തന്റെ വീട്ടിൽ തനിക്കും ഭാര്യക്കും മാത്രമേ വോട്ടുള്ളു എന്നും ധനേഷ് പറഞ്ഞു. മുട്ടട വാർഡ് രൂപീകരിച്ച സമയത്താണ് 18/ 2464 എന്ന ടിസി നമ്പർ ലഭിക്കുന്നത്. അതിന് മുൻപ് 3/2464 ആയിരുന്നു ടിസി നമ്പർ. ഈ ടിസി നമ്പരിലാണ് നികുതി അടച്ചുവരുന്നത്. 18/ 2464 നമ്പരിലുള്ള മറ്റ് വീടുകൾ സമീപത്തുള്ളതാണ്. അവരുടെ വീട്ട് പേര് കൃത്യമായി ലിസ്റ്റിൽ കാണാം. കോൺഗ്രസുകാർ പരാതി കൊടുക്കുന്നതിൽ പ്രശ്‌നമില്ലെന്നും ധനേഷ് കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img